
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിൽ ഉണ്ടായിരുന്ന സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. ഇതിനിടെ, ദ്വാരപാലക ശിൽപ കേസ് കൂടാതെ കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികൾ ഈ മാസം 14ന് കോടതി പരിഗണിക്കും.
അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു. ഇതോടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്ന് സൂചനയുണ്ട്. അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും മാസങ്ങളായി ജയിലിൽ കഴിയുന്നുണ്ടെന്നുമാണ് ജാമ്യാപേക്ഷയിൽ പത്മകുമാർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ കേസിൽ പത്മകുമാർ നിർണായക പങ്കുവഹിച്ച വ്യക്തിയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കട്ടിളപ്പാളി മോഷണ കേസിലും വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്നും ജാമ്യം ലഭിച്ചിരുന്നില്ല.











